രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍: ബൗളിംഗ് കരുത്തുകാട്ടി കേരളം; വിദര്‍ഭ വിയര്‍ക്കുന്നു ആറിന് 97

സൂറത്ത് : രഞ്ജി ട്രോഫിയിലെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയെ രണ്ടാം ദിനത്തിലും വരിഞ്ഞ് മുറുക്കി കേരളം. മൂന്നിനു 45 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് രണ്ടാം ദിനം മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായി. മല്‍സരം 50 ഓവര്‍ പിന്നിടുമ്പോള്‍ ആറിന് 97 റണ്‍സെന്ന പ്രതിസന്ധി ഘട്ടത്തിലാണ് കരുത്തരായ വിദര്‍ഭ. ഒന്‍പതു റണ്‍സെടുത്ത ഗണേഷ് സതീഷാണ് ഇന്നാദ്യം പുറത്തായത്. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്. 15 റണ്‍സെടുത്ത എ.വി. വാങ്കെഡെയെ കെ.സി.അക്ഷയുടെ പന്തില്‍ സഞ്ജു സാംസന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ 31 റണ്‍സെടുത്ത കരണ്‍ ശര്‍മയെ ജലജ് സക്‌സേന വിക്കറ്റിനു മുന്നില്‍ കുടുക്കി.

ആദ്യദിനം കേരളം ശരിക്കും കരുത്തുകാട്ടി.ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രം കളി. അതിനുള്ളില്‍ പക്ഷേ കേരളത്തിന്റെ ബോളര്‍മാര്‍ വിദര്‍ഭയെ ശരിക്കും വെള്ളം കുടിപ്പിച്ചു.ബാറ്റിങ് കരുത്തായ ടീമിന്റെ പ്രധാനപ്പെട്ട മൂന്നു ബാറ്റ്‌സ്മാന്‍മാരും പുറത്ത്. 24 ഓവര്‍ മാത്രം എറിഞ്ഞ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിദര്‍ഭ മൂന്നു വിക്കറ്റിന് 45റണ്‍സ്. ടീമിലെ എറ്റവും അപകടകാരിയായ നായകന്‍ ഫയാസ് ഫസലിനെ രണ്ടു റണ്‍സിനു മടക്കി പേസര്‍ എം.ഡി.നിധീഷ് കേരളത്തിന് ആശിച്ച തുടക്കം നല്‍കിയപ്പോള്‍ ഫോമിലുള്ള സഹ ഓപ്പണര്‍ സഞ്ജയ് രാമസ്വാമിയെയും (17) മുന്‍ ഇന്ത്യന്‍ താരം കൂടിയായ വസീം ജാഫറിനെയും(12) പുറത്താക്കി ഇടംകയ്യന്‍ സ്പിന്നര്‍ കെ.സി.അക്ഷയ് എതിരാളികളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

മഴ മാറിയിട്ടും മൈതാനത്തെ ഈര്‍പ്പം മാറത്തതിനാല്‍ അഞ്ചര മണിക്കൂര്‍ വൈകി തുടങ്ങിയ കളിയില്‍ ടോസ് നഷ്ടമായെങ്കിലും മികച്ച ബൗളിംഗ് ആക്രമണത്തിലൂടെ കേരളം കളി പിടിച്ചു.തലേദിവസത്തെ മഴമൂലം പിച്ചിലും പിച്ചിനോടു ചേര്‍ന്നുള്ള ഔട്ട്ഫീല്‍ഡിലും ഈര്‍പ്പം തങ്ങിനിന്നതിനാല്‍ ഉച്ചയ്ക്കു ശേഷം മൂന്നിനാണ് കളി ആരംഭിക്കാനായത്. വെയില്‍ കത്തി പിച്ച് ഉണങ്ങിയ ആത്മവിശ്വാസത്തില്‍ ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു. പക്ഷേ ഏറ്റവും വലിയ കരുത്തായ ഓപ്പണിങ് ജോഡിയെ അനങ്ങാന്‍ വിടാതെ സന്ദീപ് വാരിയര്‍-എം.നിധീഷ് പേസര്‍ സഖ്യം പിടിച്ചുകെട്ടി. എട്ടാം ഓവറില്‍ 23 ബോളില്‍ രണ്ടു റണ്‍സ് മാത്രം നേടിയ ഫയാസ് ഫസല്‍ സെക്കന്‍ഡ് സ്ലിപ്പില്‍ അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലൊതുങ്ങിയതോടെ കേരളത്തിന് ആത്മവിശ്വാസമേറി. സ്പിന്‍ ആക്രമണവുമായെത്തിയ കെ.സി.അക്ഷയ്യുടെ ബോളുകളുടെ കൃത്യതയ്ക്കും വ്യത്യസ്തതയ്ക്കും മുന്നില്‍ വസിം ജാഫറും സഞ്ജയ് രാമസ്വാമിയും വലഞ്ഞു.

ആറ് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം നല്‍കിയ സന്ദീപ് വാരിയരും മികവു പുലര്‍ത്തി. 24 ഓവറില്‍ അഞ്ചു ബൗണ്ടറി മാത്രമാണ് വിദര്‍ഭ കളിക്കാര്‍ക്കു നേടാനായത്. ആദ്യദിനം തീരുമ്പോള്‍ സ്പിന്നര്‍മാരെ തുണച്ചുതുടങ്ങിയ പിച്ചില്‍ ഇന്ന് രാവിലെ വിദര്‍ഭയുടെ ശേഷിക്കുന്ന മുന്‍നിര വിക്കറ്റുകള്‍ കൂടി കൊയ്ത് ചെറിയ സ്‌കോറില്‍ മടക്കി നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുകയാണു കേരളത്തിന്റെ ലക്ഷ്യം.