ജറുസലം വിഷയം:വൈറ്റ് ഹൗസിനു മുന്‍പില്‍ പ്രതിഷേധം; യുഎസില്‍ സമ്മിശ്ര പ്രതികരണം

വാഷിങ്ടന്‍: ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ലോകമെങ്ങും വിവാദവിഷയമായി ചര്‍ച്ച ചെയ്യുമ്പോള്‍, വൈറ്റ് ഹൗസിനുമുന്‍പില്‍ പ്രതിഷേധം. പക്ഷെ പരിധി വിട്ടുള്ളതല്ല പ്രതിഷേധപ്രകടനമല്ല.വൈകിട്ട് അഞ്ചുമണിക്ക് വൈറ്റ് ഹൗസിനു മുന്നിലെ ഒരു ‘ലെവല്‍’ ബാരിക്കേഡുകള്‍ കൂടി മാറ്റിയപ്പോള്‍ ചുറ്റും കൂടി നിന്നവരില്‍ ഒരു പ്രതിഷേധജാഥ രൂപപ്പെട്ടു. വിദ്യാര്‍ഥികളായിരുന്നു ഏറെയും. ട്രംപിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. വൈറ്റ് ഹൗസിനു മുന്നില്‍ തങ്ങളുടെ ശക്തവും സമാധാനപരവുമായ പ്രതിഷേധം പ്രകടിപ്പിച്ചശേഷം അവര്‍ പിരിഞ്ഞുപോയി.

അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധത്തിന്റെ അലകള്‍ ഉയരുന്നുവെങ്കിലും ട്രംപ് തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. നയതന്ത്രതലത്തിലുള്ളതല്ല, രാഷ്ട്രീയതലത്തിലുള്ളതാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നു വ്യക്തമാണ്. ഭരണതലത്തിലുയര്‍ന്ന അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം ചെവിക്കൊണ്ടില്ല. അതേസമയം, ഇസ്രയേല്‍ അനുകൂല യഥാസ്ഥിതികരുടെ പിന്തുണ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും അമേരിക്കയില്‍നിന്നു തന്നെ ഉണ്ടായി. ഒരു മുഴുവന്‍പേജ് പരസ്യം ‘ന്യുയോര്‍ക്ക് ടൈംസില്‍’നല്‍കി റിപ്പബ്ളിക്കന്‍ ജ്യൂവിഷ് കോയലേഷന്‍ ട്രംപിനെ അഭിനന്ദിച്ചു. അമേരിക്കന്‍ – ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയും ട്രംപിന്റെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തി.