ഗുജറാത്തില്‍ മാറ്റി സ്ഥാപിച്ച വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം
അഹമ്മദാബാദ്:കനത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനെതിരെ പുതിയ ആരോപണം. വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പോര്‍ബന്ദര്‍, സൂറത്ത്, ജെത്പുര്‍, നവസാരി എന്നിവിടങ്ങളിലെ വോട്ടിങ് മെഷീനില്‍ ബ്ലൂടൂത്ത് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. നേരത്തെ വിവിധയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ്മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാകുന്നതെന്നും മാറ്റിവെക്കുന്ന യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഞ്ചീനിയര്‍മാര്‍ മെഷീനുകളില്‍ പരിശോധന നടത്തി.ആരോപണം ഉയര്‍ന്ന സ്ഥലങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിവരെ 41 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 89 മണ്ഡലങ്ങളിലാണ് വിധി എഴുതുന്നത്.