ഗുജറാത്ത് തിരഞ്ഞെടുപ്പ്; സൂറത്തില്‍ 70 വോട്ടിങ് യന്ത്രങ്ങള്‍ കേടായി; കൃത്രിമം കാണിക്കാനെന്ന് ആരോപണം

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.  വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും സൂറത്തിലെ വിവിധ മണ്ഡലങ്ങളിലായി 70 ഓളം ഇലക്ട്രിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് കേട് സംഭവിച്ചു. ഇതില്‍ ചില വോട്ടിങ് യന്ത്രങ്ങള്‍ ആദ്യമണിക്കൂറുകളില്‍തന്നെ മാറ്റി നല്‍കിയിട്ടുണ്ട്. സൂറത്തിലെ സര്‍ദാര്‍ പട്ടേല്‍ വല്ലഭായി ബൂത്തിലെ യന്ത്രങ്ങളാണ് മാറ്റി സ്ഥാപിച്ചത്.

യുവജനത ഉള്‍പ്പെടെ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. റെക്കോര്‍ഡ് പോളിങ് ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടില്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 110 സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കരുത്തന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടം അരങ്ങേറും. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ടു ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പുറമേ എന്‍സിപിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കോണ്‍ഗ്രസില്‍ ആശങ്കയുയര്‍ത്തുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചുവരെയാണ്.