ശബരിമലയില്‍ കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍ എഫ് ഐ ഡി; സംരക്ഷണം ഉറപ്പുവരുത്താനൊരുങ്ങി അധികൃതര്‍

ശബരിമലയില്‍ സുരക്ഷിതമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണും കേരള പോലീസും കൈകോര്‍ത്തു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍.എഫ്.ഐ.ഡി (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണും പോലീസും സംയുക്തമായി ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡോ. എസ്. സതീഷ് ബിനോ, ഐപിഎസ്സും, കറുപ്പസ്വാമി ഐപിഎസ്സ് സ്പെഷ്യല്‍ പമ്പ ഓഫീസറും ചേര്‍ന്ന് വോഡഫോണിന്റെ ആര്‍.എഫ്.ഐ.ഡി ടാഗ് പദ്ധതി ഉദ്ഘാടനം ചെയ്തു.

വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാനും കൂട്ടം തെറ്റിയാല്‍ ഇവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും വോഡഫോണ്‍ പദ്ധതി ഗുണകരമാകും. പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. ആര്‍എഫ്ഐഡി ടാഗുകളുടെ ഉപയോഗം കുട്ടികളെ കാണാതാവുന്നത് തടയുന്നതിനും മറ്റ് സുപ്രധാനമായ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായകരമാണെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഡോ. എസ്. സതീഷ് ബിനോ, ഐപിഎസ്സ് പറഞ്ഞു.

ഇത് ആദ്യമായാണ് കേരളത്തില്‍ വന്‍തോതില്‍ മനുഷ്യ സഞ്ചയം എത്തുന്ന ഒരു മേഖലയില്‍ ആര്‍എഫ്ഐഡി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. കേരള പോലീസുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഈ ഉദ്യമത്തില്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.