സമനിലച്ചരട് പൊട്ടിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ്;തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഗോവ; ഐഎസ്എല്ലിലിന്ന് ആവേശപ്പോരാട്ടം
ഐ.എസ്.എല്ലിലെ ആദ്യ വിജയം തേടി കേരളം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മാച്ചാണ് ഇന്നത്തേത്.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ മൂന്ന് മത്സരങ്ങളിലും ജയിക്കാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്സ്, വിജയം എന്നത് ഉറപ്പിച്ചാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.മുന്‍ സീസണുകളില്‍ രണ്ട് പ്രാവശ്യം ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ആ ചരിത്രം ആവര്‍ത്തിക്കണമെങ്കില്‍, ഇതേ വരെയുളള കേളീ ശൈലിയില്‍ നിന്ന് മാറി, എതിരാളികളുടെ ഗോള്‍മുഖത്തെ ആക്രണത്തിന്റെ മുന കൂര്‍പ്പിച്ച്, പിഴവുകള്‍ ഒഴിവാക്കി കൂടുതല്‍ കരുത്താര്‍ജിച്ചേ മതിയാകൂ.
ഇയാന്‍ ഹ്യൂം തന്റെ പൂര്‍വ്വകാല പ്രതാപത്തിലേക്ക് മടങ്ങേണ്ടതും കേരളത്തിന് വിജയത്തിനായി നിര്‍ണ്ണായകമാണ്. ഇതേ വരെ ബ്ലാസ്റ്റേഴ്സ് 31 ഏരിയല്‍ പാസുകള്‍ നടത്തിയിട്ടുണ്ട്. ഈ സീസണില്‍ ഇതേ വരെ വിജയം രുചിക്കുന്നതിന് സാധിച്ചില്ലെങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിക്ക് എതിരായി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്, കേരള ടീമിന്റെ ആക്രമണനിരയ്ക്ക് സാവധാനം താളവും ഇണക്കവും കണ്ടെത്തുന്നതിന് കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്.
മറുവശത്ത്, പന്ത് കവര്‍ന്നെടുക്കുന്നതിലും പന്ത് പാസ് ചെയ്യുന്നതിലും കൃത്യത പുലര്‍ത്തുന്ന ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യത്തിലേക്കു തൊടുക്കുന്നതിലും ഗോവന്‍ ടീം വളരെ മുന്നിലാണ്. സീസണിലെ ആദ്യ ഹാട്രിക്കോടെ മിന്നുന്ന ഫെറാന്‍ കോറോമിനാസായിരിക്കും അവരുടെ തുറുപ്പു ചീട്ട്.
സ്റ്റാര്‍ട്ടിംഗ് ലൈനപ്പുകള്‍:
എഫ്സി ഗോവ
മുഖ്യ പരിശീലകന് സെര്‍ജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തില്‍ തന്നെ താരങ്ങളെ അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സാദ്ധ്യത.
ഗോള്‍കീപ്പര്‍: ലക്ഷമികാന്ത് കട്ടിമണി
ഡിഫന്റര്‍മാര്‍: നാരായണന് ദാസ്, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്, ചിംഗ്ലന്‍സന സിംഗ്, മുഹമ്മദ് അലി
മിഡ്ഫീല്‍ഡര്‍മാര്‍: എഡ്യൂ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേല്‍ അറാന
ഫോര്‍വാര്‍ഡുകള്‍: മന്ദാര് റാവു ദേശായി, ഫെറാന്‍ കോറോമിനാസ്, മാനുവേല്‍ ലാന്‍സറോട്ടി
കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി
കേരളം 4-5-1 എന്ന ക്രമത്തിലുളള വിന്യാസത്തില്‍ കളിക്കുന്നതിനായിരിക്കും കൂടുതല്‍ സാദ്ധ്യത. ഇത് മിഡ്ഫീല്‍ഡില്‍ കളിക്കാരെക്കൊണ്ട് നിറയ്ക്കും.
ഗോള്‍കീപ്പര്‍: പോള്‍ റചൂബ്ക
ഡിഫന്റര്‍മാര്‍: ലാല്റുത്താറ, നെമാന്‍ജ ലാക്കിക് പെസിച്ച്, സന്ദേശ് ജിങ്കന്, റിനോ ആന്റോ
മിഡ്ഫീല്‍ഡര്‍മാര്‍: അരാട്ടാ ഇസുമി, കറേജ് പെക്കൂസണ്, മിലാന് സിംഗ്, ദിമിത്ര് ബെര്‍ബാറ്റോവ്, ജാക്കിചന്ദ് സിംഗ്
ഫോര്‍വാര്‍ഡുകള്‍: മാര്‍ക്ക് സിഫ്ന്യോസ്