പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷം;വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍

ഗാസ: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ നടപടിയെ തുടര്‍ന്ന് ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ നിരവധി തവണ വ്യോമാക്രമണം നടത്തി.ഇതിനിടെ പലസ്തീനില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ വീണ്ടും അക്രമാസക്തമായി. അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ തന്നെ പലസ്തീന്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു. വെസ്റ്റ്ബാങ്കിലും പലസ്തീനിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ഗാസയിലുമെല്ലാം പ്രതിഷേധം അക്രമാസക്തമായി.ഗസയില്‍ പലസ്തീന്‍ പട്ടാളം നടത്തിയ വെടിവയ്പ്പില്‍ ഇന്നലെ രണ്ട് പലസ്തീനികള്‍ മരിച്ചതോടെ സംഘര്‍ഷം കൂടുതല്‍ ശക്തമായി.സംഘര്‍ഷത്തില്‍ എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹമാസ് പോരാളികള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി നിരവധി തവണ റോക്കറ്റ് ആക്രമണം നടത്തി. തുടര്‍ന്ന് ഇസ്രായേല്‍ പലസ്തീനുമേല്‍ വ്യോമാക്രമണം നടത്തി തിരിച്ചടിച്ചു.25ലേറെ പേര്‍ക്ക് പരിക്കേറ്റതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുന്നു.

ഹമാസിന്റെ ആയുധശാലകള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ജറുസലേമിലേക്ക് എംബസികള്‍ മാറ്റിസ്ഥാപിക്കുന്നവര്‍ ആരായാലും അവര്‍ പലസ്തീനികളുടെ ശത്രുക്കളാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഫാത്തി ഹമ്മദ് പറഞ്ഞു.ഇതിനിടെ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലും വിമര്‍ശനമുയര്‍ന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം കണക്കിലെടുത്താണ് നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു. ഇസ്രായേലിനെ കടന്നാക്രമിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ പ്രതിനിധി നിക്കി ഹലേയ് പറഞ്ഞു.