ഓഖി ദുരന്തം; 51 പേര് കൊച്ചിയില്‍; 320 പേര് ഇന്നും നാളെയുമായി കേരളത്തിലെത്തും
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം തേടിയ 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് സ്വന്തം ബോട്ടുകളില്‍ കൊച്ചിയിലേക്ക് തിരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 352 പേരാണ് ലക്ഷദ്വീപില്‍ അഭയം തേടിയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് അറിയിച്ചിരുന്നു. ഇതില്‍ 320 ആളുകളാണ് ഇന്നും നാളെയുമായി കേരളത്തില്‍ എത്തുക. സ്വന്തം നിലയ്ക്ക് ബോട്ടില്‍ വരുന്നവരും ഇതില്‍പെടും.
ഇന്നും കടലില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തിരിച്ചില്‍ നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭാ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമെ ലക്ഷദ്വീപില്‍ നിന്ന് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 51 മത്സ്യത്തൊഴിലാളികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ എം.വി. കവരത്തി എന്ന കപ്പല്‍ ഇന്ന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 45 പേരും തമിഴ്നാട് സ്വദേശികളാണ്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം കേരളാ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക സഹായമടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.