ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക ഫണ്ട്; ജനങ്ങളില്‍നിന്ന് സംഭാവന തേടും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കും. എല്ലാ ജീവനക്കാരും ഒരുദിവസത്തെ വേതനമെങ്കിലും സംഭാവനചെയ്യണം. സ്ഥാപനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഇതില്‍ പങ്കാളികളായി സംഭാവന നല്‍കാന്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തീരുമാനത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മത്സ്യബന്ധനത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിര്‍മിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സുനാമി പുനരുദ്ധാരണ പാക്കേജിന്റെ മാതൃകയിലുള്ള സഹായമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ശനിയാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ്ങുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന സര്‍വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കും. തീരദേശ പോലീസില്‍ 200 പേരെ നിയമിക്കുന്നതില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കും. കടല്‍ക്ഷോഭം കാരണം കടലില്‍പ്പോകാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടായിരം രൂപ താല്‍ക്കാലികമായി നല്‍കും. മാനസികാഘാതം നേരിട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. അടുത്തവാര്‍ഷിക പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും.
ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നവംബര്‍ 30-ന് മാത്രമാണ് കിട്ടിയതെന്ന് മുഖ്യമന്ത്രി യോഗത്തിലും ആവര്‍ത്തിച്ചു. സര്‍വകക്ഷിയോഗത്തിന്റെ തുടര്‍ച്ചയായി തീരദേശത്തെ തൊഴിലാളി സംഘടനകളുമായും സാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.