വിമാനം കയറാനുള്ള ക്യൂവില്‍ രാഹുല്‍, പരിഹാസവുമായി ബി ജെ പി പ്രവര്‍ത്തകര്‍

വിമാനത്തില്‍ കയറുവാന്‍ ക്യൂവില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തിയും പുകഴ്ത്തിയും സോഷ്യല്‍ മീഡിയ. ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ഡൽഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോഴാണ് സാധാരണ യാത്രികര്‍ക്കൊപ്പം വിമാനത്തില്‍ കയറാനായി രാഹുല്‍ വരി നിന്നത്. കോൺഗ്രസ്സ് അനുഭാവികൾ രാഹുലിന്റെ ലാളിത്യമായി ഈ സംഭവത്തെ വിലയിരുത്തിയെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന നാടകങ്ങളാണെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിലെ ബി ജെ പി അനുഭാവികള്‍ പ്രതികരിച്ചത്.

അമ്മ സോണിയ ഗാന്ധിക്ക് ജന്‍മദിനത്തില്‍ ആശംസ നേരാനാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് തിരികെ അഹമ്മാദാബാദിലേക്ക് മടങ്ങുമ്പോഴാണ് ബോർഡിങ് സമയത്ത് വിവിഐപി പരിഗണന ഉപയോഗപ്പെടുത്താതെ രാഹുൽ ക്യൂവിൽ സഹയാത്രികർക്ക് ഒപ്പം ക്യൂ നിന്നത്. ബോര്‍ഡിങ് ക്യൂവില്‍ നില്‍ക്കുന്ന രാഹുലിന്റെ ഫോട്ടോ ഇന്‍ഡിഗോ അധികൃതരാണ് ട്വീറ്റ് ചെയ്തത് . ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷവും ബോർഡിങ് സമയത്ത് ഇത്തരത്തിൽ രാഹുൽ ക്യൂ നിൽക്കുമോ എന്നാണ് ട്വിറ്ററിലെ ചിലയാളുകളുടെ പ്രതികരണം.