പരസ്ത്രീബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സുപ്രീംകോടതി പരിശോധിക്കും;തെറ്റുചെയ്ത സ്ത്രീക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: പരസ്ത്രീബന്ധം നടത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോയെന്ന് സുപ്രീംകോടതി പരിശോധിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ഈ വകുപ്പുകള്‍ ശരിവെച്ചുകൊണ്ട് 1954-ല്‍ നാലംഗബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ സാധുതയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.അതിനാല്‍ തന്നെ, വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും.

പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. അവരെ ഇരകളായാണ് പരിഗണിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ വകുപ്പുള്ളൂ. അതേസമയം, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യക്ക് പരാതിപ്പെടാനും നിലവില്‍ വകുപ്പില്ല. ചുരുക്കത്തില്‍, പരപുരുഷബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് പരിപൂര്‍ണ സുരക്ഷനല്‍കുന്നതാണ് നിലവിലെ നിയമം. കുറ്റംചെയ്ത പുരുഷന് അഞ്ചുവര്‍ഷംവരെ തടവുശിക്ഷ നല്‍കും.

പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് മുഖേന സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ജോലി, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യമോ സംവരണമോ നല്‍കുന്നതുപോലെ കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ പാടില്ലെന്നും അത് ഭരണഘടനയുടെ 15(3) വകുപ്പിന്റെ ലംഘനമാണെന്ന് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.പരസ്ത്രീഗമനക്കേസുകളില്‍ സ്ത്രീക്കുമാത്രം സംരക്ഷണം നല്‍കുന്നത് ശരിയല്ലെന്ന് 1971-ല്‍ ലോ കമ്മിഷന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.