അതെ, റൊണാള്‍ഡോ തന്നെയാണ് മികച്ചവനെന്ന് സിദാന്‍;റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പമെത്താന്‍ മറ്റൊരു താരത്തിന് കഴിയുക പ്രയാസം

ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോഴും ക്രിസ്റ്റിയാനോയാണോ മെസ്സിയാണോ മികച്ചവനെന്ന തര്‍ക്കത്തിലാണ്.മുന്‍പ് അഞ്ച് ബാലണ്‍ദ്യോര്‍ നേട്ടവുമായി മെസ്സി മുന്നിട്ടു നിന്നെങ്കില്‍ കഴിഞ്ഞ ദിവസം ബാലണ്‍ദ്യോര്‍ നേട്ടം അഞ്ചാക്കി റൊണാള്‍ഡോയും മികച്ചവനെന്ന വാദത്തിനു ശക്തി കൂട്ടി.മുന്‍ ഇതിഹാസ താരങ്ങള്‍ക്കു വരെ ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ റോണോയുടെ ക്ലബായ റയല്‍ മാഡ്രിഡിന്റെ പരിശീലകനും മുന്‍ ഫ്രഞ്ച് ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.ഒരോ മത്സരത്തിനും അദ്ദേഹം കളിക്കാനിറങ്ങുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. ആശ്ചര്യം തോന്നിക്കുന്ന പ്രകടനമാകും അവനില്‍ നിന്നുമുണ്ടാകുകയെന്നും സിദാന്‍ പറഞ്ഞു.

മികച്ച താരമാണ് ക്രിസ്റ്റിയാനോ എന്നതില്‍ സംശയമില്ല. എന്നേക്കാളും മികച്ച കളിക്കാരനാണ് അദ്ദേഹം. ഒരോ മത്സരത്തിലും അവന്‍ എന്താണ് പുറത്തെടുക്കുക എന്നത് മുന്‍കൂട്ടി പറയാനാകില്ല. റയലില്‍ തന്നെ റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിദാന്‍ പറഞ്ഞു.

ക്രിസ്റ്റിയാനോയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. പുതിയൊരു മികച്ച താരം എത്തിയാലും അദ്ദേഹം ചെയ്തുവച്ചതിനൊപ്പം എത്താന്‍ അയാള്‍ക്ക് സാധിക്കില്ല. പതിനഞ്ചോ ഇരുപതോ വര്‍ഷം അയാള്‍ കളിച്ചാലും ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമെത്താന്‍ കഴിയില്ലെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് സിദാന്‍ ക്രിസ്റ്റിയാനോയെ പുകഴ്ത്തി രംഗത്തുവന്നത്.