യു എസില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് എതിരെ ആക്രമണം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശിക സമയം ശനിയാഴ്ച രാവിലെ 8.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിക്കാഗോയിലെ അൽബനി പാർക്കിനു സമീപത്തു വച്ചാണ് മുഹമ്മദ് അക്ബറിന് വെടിയേറ്റത്. പാർക്കിൽ നിന്ന് തന്റ കാറിനു സമീപത്തിലേയ്ക്ക് നടക്കുമ്പോഴാണ് അജ്ഞാതന്റെ വെടിയേറ്റത്. അക്ബറിനു നേരെയുള്ള ആക്രമണ കാരണത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
ചിക്കാഗോയിലെ ദെവ്രി സർവകലാശാലയിൽ കമ്പ്യൂട്ടർ സിസ്റ്റം നെറ്റ്വർക്കിങ് ആൻറ് ടെലികമ്യൂണിക്കേഷനിൽ പിജി വിദ്യാർഥിയാണ് അക്ബർ. ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബത്തിന് യു.എസിലേക്ക് പോകാൻ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വാരാജിനെ സമീപിച്ചിട്ടുണ്ട്. അതേസമയം യുഎസിൽ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയാതിക്രമങ്ങൾ വര്‍ധിച്ചു വരുകയാണ്. കഴിഞ്ഞ നവംബറിൽ വാഷിങ്ടണ്ണിൽ ഇന്ത്യക്കാരനെന്ന് ആരോപിച്ച് 14 കാരനെ സഹപാഠിയും പിതാവും ചേർന്ന് മർദിച്ചിരുന്നു.