ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന് മോദി
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി അവര്‍ വിശദീകരിക്കണമെന്നും പാക് പ്രതിനിധികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് എന്നും മോദി ചൂണ്ടിക്കാട്ടി. അതുപോലെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് പാകിസ്താന്‍ ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അഷ്‌റഫ് റഫീഖ് അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. പാക് ഹൈക്കമ്മീഷണര്‍, മുന്‍ വിദേശകാര്യമന്ത്രി, മുന്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് മോദി ആരോപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്ന് മോദി അവകാശപ്പെട്ടു.