ഓസ്ട്രിയയിലെ ശാലോം ശുശ്രുഷകളെ പ്രകീര്‍ത്തിച്ച് വിയന്ന അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ഫ്രാന്‍സ് ഷാറല്‍

‘ശാലോം’ ദൈവത്തിന്റെ പ്രത്യേക വിളിയും തിരഞ്ഞെടുപ്പും.
സഭയുടെ അടിത്തറ കുടുംബങ്ങളാണ്; സഭയുടെ അസ്ഥിത്വവും നിലനില്‍പ്പും കുടുംബങ്ങളാണ്.

വിയന്ന: ‘ശാലോം’ ദൈവത്തിന്റെ പ്രത്യേക വിളിയും തിരഞ്ഞെടുപ്പുമാണെന്ന് വിയന്ന അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ഫ്രാന്‍സ് ഷാറല്‍. ഡിസംബര്‍ 8ന്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ ദിനത്തില്‍ വിയന്ന ശാലോം ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയ അഭിവന്ദ്യ പിതാവ്, ശാലോം ഓഫീസ് ചാപ്പലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് ശാലോമിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച് പരാമര്‍ശം നടത്തിയത്.

ഒരു സ്വകാര്യ ഭവനത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ സ്ഥാപിതമായിരിക്കുന്ന ശാലോം ഓഫീസ്, ആദ്യകാല ക്രിസ്ത്യാനികളുടെ കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരം ഭവനങ്ങളിലാണ് സഭ ജനിച്ചതും വളര്‍ന്നതും. സഭയുടെ അടിത്തറ കുടുംബങ്ങളാണ്; സഭയുടെ അസ്ഥിത്വവും നിലനില്‍പ്പും കുടുംബങ്ങളാണ്. എന്നാല്‍ ഇന്ന് കുടുംബങ്ങളും കുടുംബബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നത് സഭ നേരിടുന്ന പരീക്ഷണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്ട്രിയന്‍ സമൂഹത്തില്‍ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുമ്പോഴും ദൈവികനിയമങ്ങളെയും സംവിധാനങ്ങളെയും മറുതലിച്ചുകൊണ്ട് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും ദാമ്പത്യത്തിന്റെ പവിത്രതയെയും പാടേ നശിപ്പിക്കുന്ന നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുമ്പോള്‍ വിശ്വാസികള്‍ നിശ്ശബ്ദരായിരിക്കുന്നത് വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശാലോമിന്റെ പ്രവര്‍ത്തനത്തിലൂടെ വ്യക്തികളും,കുടുംബങ്ങളും, കൂട്ടായ്മകളും സഭയോടുചേര്‍ന്ന് നിലകൊള്ളുന്നതും, ശാലോം മീഡിയ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളും, പ്രവര്‍ത്തനങ്ങളും രാജ്യത്തെ സഭയ്ക്കും രാജ്യത്തിനുതന്നെയും ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്രിസ്തുവിന്റെ സാക്ഷികളായി യേശുവിനെ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുമ്പോള്‍ – മീഡിയമാദ്ധ്യമങ്ങള്‍ അതിനായി പ്രയോജനപ്പെടുത്തുമ്പോള്‍, തിന്മയുടെ മേല്‍ക്കോയ്മയുള്ള ഈ കാലഘട്ടത്തില്‍ യേശുവിന്റെ സദ്വാര്‍ത്ത – സുവിശേഷം – എല്ലാ മാനവഹൃദയങ്ങളിലേക്കും എത്തിക്കാന്‍ ശാലോമിന് കഴിയും; അത് സാധ്യമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” അഭിവന്ദ്യപിതാവ് സംഗ്രഹിച്ചു.

2013ല്‍ നാമമാത്രമായി പ്രവര്‍ത്തനം തുടങ്ങിയ ശാലോം ശുശ്രുഷകള്‍ക്ക് 2015ല്‍ വിയന്ന അതിരൂപതാ ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷേണ്‍ബോണിന്റെ പ്രത്യേക താല്പര്യപ്രകാരം ഓസ്ട്രിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും സഭയുടെയും അംഗീകാരം ലഭിച്ചിരുന്നെങ്കിലും 2017 ജൂണ്‍ 23നാണ് സ്റ്റേറ്റിന്റെ അനുമതി ലഭിച്ചത്. തുടര്‍ന്ന് ജര്‍മ്മന്‍ഭാഷാരാജ്യങ്ങളായ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റസര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് ശാലോമിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിച്ചുകൊണ്ട് വിയന്നയില്‍ ശാലോമിനായി ഓഫീസ് തുറക്കുകയും ചെയ്തു. അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഷേണ്‍ബോണിന്റെ അനുമതിയോടെ ഓഫീസില്‍ പൂര്‍ത്തിയാക്കിയിരുന്ന ഓഫീസ് ചാപ്പലിന്റെ ഔദ്യോഗിക കൂദാശകര്‍മ്മവും ഈയവസരത്തില്‍ അഭിവന്ദ്യ ഷാറല്‍ പിതാവ് നിര്‍വഹിക്കുകയുണ്ടായി.

ശാലോം ഓഫീസ് ചാപ്പലില്‍ മലയാളികളെന്നോ ഓസ്ട്രിയക്കാരെന്നുള്ള വ്യത്യാസം കൂടാതെ എല്ലാവര്‍ക്കുമായി (ഞായറാഴ്ചയും അവധിദിനങ്ങളും ഒഴികെ) തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനാശുശ്രുഷയ്ക്ക് അഭിവന്ദ്യ പിതാവ് അഭിനന്ദനവും കൃതജ്ഞതയും രേഖപ്പെടുത്തി.

ഡിസംബര്‍ 31 ഞായറാഴ്ച രാത്രി 10 മുതല്‍ പിറ്റേന്ന് രാവിലെ 5 മണി വരെ ശാലോം ഓഫീസ് ചാപ്പലില്‍ രാത്രി ആരാധന ഉണ്ടായിരിക്കുന്നതാണ്. ആരാധനയില്‍ പങ്കെടുക്കാന്‍ വിശ്വാസികളെ ക്ഷണിക്കുന്നതായി ശാലോം ഭാരവാഹികള്‍ അറിയിച്ചു.