വിമാന യാത്രയ്ക്കിടെ ബോളിവുഡ് നടിയെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: ബോളിവുഡ് യുവനടിയെ വിമാനത്തില്‍ വെച്ച് അപമാനിച്ചയാളെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് പോലീസ് പിടിയിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ 354-ാം വകുപ്പുപ്രകാരം (സ്ത്രീയെ അപമാനിക്കാന്‍ മനഃപൂര്‍വമായ ശ്രമം) കേസെടുത്തിട്ടുണ്ട്.
വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി ദുരനുഭവം പങ്കുവെച്ച കൗമാരക്കാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍ വന്നിറങ്ങിയ ഉടനെയാണ് യാത്രയ്ക്കിടെ നേരിട്ട അപമാനം പൊട്ടിക്കരഞ്ഞുകൊണ്ട് നടി വിവരിച്ചത്. പിന്‍സീറ്റിലിരുന്നയാള്‍ ആദ്യം കാലെടുത്ത് തന്റെ സീറ്റില്‍വെച്ചു.പിന്നീട്,താന്‍ പാതിമയക്കത്തിലായിരിക്കുമ്പോള്‍ കഴുത്തിലും പിന്നിലും കാലുകൊണ്ട് ഉരസി. ഇരുണ്ടവെളിച്ചത്തില്‍ 15 മിനിറ്റോളം അപമാനം തുടര്‍ന്നു. വിമാനജോലിക്കാരാരും സഹായിക്കാനെത്തിയില്ല.
തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ല.പിന്നീട് ഇയാളുടെ കാലിലെ വിരലിന്റെ ചിത്രം നടിയെടുത്ത് വീഡിയയോടൊപ്പം പോസ്റ്റ് ചെയ്യുകയായിരുന്നു. അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടും തോണ്ടലും തലോടലും തുടര്‍ന്നപ്പോളാണ് സംഭവം മനസിലായതെന്ന് സൈറ പറഞ്ഞു.
വിമാനമിറങ്ങിയ ഉടന്‍ നടി പോസ്റ്റുചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ദേശീയ വനിതാ കമ്മീഷനും, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാന വനിതാകമ്മിഷനുകളും പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹാത്കറും മഹാരാഷ്ട്ര ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.
മുംബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെത്തന്നെ മുംബൈ പോലീസ് നടിയെക്കണ്ട് മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എയര്‍ വിസ്താര അധികൃതര്‍ വ്യക്തമാക്കി. വിമാനം ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് നടി സഹായമഭ്യര്‍ഥിച്ചതെന്നും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരിക്കുമ്പോള്‍ നടക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് ജീവനക്കാര്‍ അടുത്ത് എത്താതിരുന്നതെന്നും വിമാനക്കമ്പനി അധികൃതര്‍ പറയുന്നു.