നീലക്കുറിഞ്ഞി ഉദ്യാനം; മന്ത്രിമാരുടെ സംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും
ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രി തലസംഘം ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംമന്ത്രി കെ. രാജു, ഇടുക്കിയില്‍നിന്നുള്ള മന്ത്രി കൂടിയായ എം.എം. മണി എന്നിവരാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മൂന്നാറിലെത്തുന്നത്. ചൊവ്വാഴ്ച ജനപ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും
ആദ്യ ദിവസം വട്ടവടയിലെ 62-ാം ബ്ലോക്ക്, കൊട്ടക്കാമ്പൂരിലെ 58-ാം നമ്പര്‍ ബ്ലോക്ക് എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിക്കും. ദേവികുളം സബ് കളക്ടര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങി റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാകും. ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂവകുപ്പിന്റെ തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല. അതേസമയം കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് സി.പി.എം പ്രാദേശിക നേതൃത്വം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. റവന്യൂവകുപ്പിന്റെ നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
കൈയേറ്റം ഏറെയുള്ള കൊട്ടക്കാമ്പൂര്‍ ബ്ലോക്ക് 58 സന്ദര്‍ശിക്കാതിരിക്കാന്‍ മന്ത്രിതല സമിതിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനം. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദര്‍ശനം വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.