ഓഖി ദുരന്തം: 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി 146 പേരെകൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍.പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആകും.റവന്യൂവകുപ്പ് പുറത്തിറക്കിയ വിശദവിവരങ്ങളടങ്ങിയ പട്ടികയിലാണ് ഈ കണക്കുകളുള്ളത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ദുരന്തത്തില്‍ മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയുള്ളതാണ് പുതിയ പട്ടിക. അതേസമയം, കൊച്ചിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ അഭിനവ് എന്ന കപ്പലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്ഭവനിലേക്കു മാര്‍ച്ചു നടത്തും. രാവിലെ പത്തിനു പാളയത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ബിഷപ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി ചര്‍ച്ച നടത്തും. മാര്‍ച്ച് കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.