ചീങ്കണ്ണിപാലിയിലെ പി വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്
ചീങ്കണ്ണിപാലിയിലെ പി.വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇദ്ദേഹം പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് തടയണ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ടത്. പെരുന്തല്‍മണ്ണ സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തടയണ പൊളിച്ചുനീക്കാനുള്ള തീരുമാനം. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലഉടമ തടയണ പൊളിച്ച് നീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ തടയണ പൊളിക്കും. തടയണ പൊളിക്കാന്‍ ചെറുകിട ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. തടയണ പൊളിക്കുന്നതിനുള്ള ചെലവ് സ്ഥല ഉടമയില്‍ നിന്ന് ഈടാക്കുമെന്നും വ്യവസ്ഥയില്‍ പറയുന്നു.