എതിരാളികളില്ലാതെ രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും

ദില്ലി:കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ എതിരാളികളിലാതെ രാഹുല്‍ ഗാന്ധി പാര്‍ട്ടി തലപ്പത്തേക്കെത്തുന്നു.മറ്റാരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും.

വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എ.ഐ.സി.സി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ അധികാരമേല്‍ക്കുന്നത് പതിനഞ്ചിനോ പതിനാറിനോ ആകാനാണ് സാധ്യത

അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി പി.സി.സി അധ്യക്ഷന്‍മാരെല്ലാം ദില്ലിയിലെത്തും. മകന് അധികാരം കൈമാറുന്നതിന് മുമ്പായി സോണിയാ ഗാന്ധി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പാണ് പാര്‍ട്ടിയുടെ തലപ്പത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നുമായി 89 പത്രികകളാണു രാഹുലിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് ലഭിച്ചത്.
ഇന്നു വൈകിട്ടു മൂന്നിനു പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ രാഹുല്‍ കോണ്‍ഗ്രസ്സ്
അദ്ധ്യക്ഷനാകും.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം നാലു വര്‍ഷത്തിനിടെ മൂന്നുവട്ടം മാറ്റിവയ്‌ക്കേണ്ടി വന്നു. നടപ്പായതു കഴിഞ്ഞ മാര്‍ച്ചില്‍ തയാറാക്കിയ നാലാം സമയക്രമം. പാര്‍ട്ടിക്കു രാജ്യത്താകെയുള്ളതു 8,86,858 ബൂത്തുകള്‍. ബ്ലോക്ക് കമ്മിറ്റികള്‍ 9418. ഡിസിസികളും നഗരതല സമിതികളും 930. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു മാറ്റിവച്ചെങ്കിലും 80 ശതമാനത്തിലേറെ ബൂത്തുകളിലും തിരഞ്ഞെടുപ്പു നടന്നു.