യു പി യില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം
ഉത്തര്‍ പ്രദേശില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം. ഈമാസം ഇത് രണ്ടാംതവണയാണ് വിദേശികള്‍ക്കുനേരെ അക്രമണമുണ്ടാകുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മിര്‍സാപൂരിലാണ് സംഭവം. മിര്‍സാപൂരിലെ വെള്ളച്ചാട്ടം കാണാനെത്തിയ ഫ്രാന്‍സില്‍ നിന്നുള്ള ആറ് വിനോദസഞ്ചാരികള്‍ക്കും അവരുടെ ഇന്ത്യക്കാരായ സുഹൃത്തുക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
വെള്ളച്ചാട്ടം കണ്ടുകൊണ്ടിരിക്കെ സംഘത്തിലെ വനിതകളെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച അക്രമികള്‍ ശാരീരിക ഉപദ്രവത്തിന് ശ്രമിച്ചു. സഞ്ചാരികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പട്ട അക്രമി സംഘം, പത്ത് പേരടങ്ങുന്ന മറ്റൊരു സംഘത്തെ കൂട്ടി വന്ന് വീണ്ടും സഞ്ചാരികള്‍ക്ക് നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ വിവേക് എന്ന ചെറുപ്പക്കാരനെ സമീപവാസികള്‍ ഇടപെട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞമാസവും സമാനമായ സംഭവം ഇവിടെ അരങ്ങേറിയിരുന്നു. താജ്മഹല്‍ കാണാനായി ആഗ്രയിലെത്തിയ വിദേശികള്‍ക്കുനേരെയാണ് അന്ന് ആക്രമണമുണ്ടായത്.