ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതിന് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കണിക്കുന്നതിന് 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.ഇതിനായി 7.80 കോടി ചെലവില്‍ 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കും. പദ്ധതി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം നിയമമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനാണ് ധനമന്ത്രാലയത്തിലെ എക്സ്പെന്‍ഡീച്ചര്‍ വകുപ്പിന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്.
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് നവംബര്‍ ഒന്നിന് ഉത്തരവിട്ടിരുന്നു. സമാജികര്‍ക്കെതിരായ കേസുകള്‍ കെട്ടികിടക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാകാവുന്ന വിധത്തില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
ഇത് സംബന്ധിച്ച് വിശദമായ രൂപരേഖ ഡിസംബര്‍ പതിമൂന്നിനകം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു.എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട 1581 കേസുകള്‍ കെട്ടികിടക്കുന്നുവെന്ന പൊതുതാല്പര്യ ഹരജിയിലാണ് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.