റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു: ജലവിമാനത്തില്‍ പറന്നെത്തി മോദിയുടെ ‘ഷോ’
ഗാന്ധിനഗര്‍: അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ജലവിമാനയാത്രയ്ക്കായി പ്രത്യേക ബോട്ട്ജെട്ടിയും ഒരുക്കിയിരുന്നു.
ഗുജറാത്ത് സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അംബോജിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കൂടി പങ്കെടുത്ത ശേഷം ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.
‘വിമാനത്താവളത്താവളങ്ങള് നമുക്കെല്ലായിടത്തും വേണമെന്ന് ശഠിക്കാനാവില്ല. അതിനാല്‍ സര്‍ക്കാര്‍ ഇത്തരം ജലവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്’,പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
#WATCH: Sea plane takes off from Sabarmati river with PM Modi onboard, to reach Dharoi Dam pic.twitter.com/DeHpQX7UvV
— ANI (@ANI) December 12, 2017
അഹമ്മദാബാദില്‍ ബി.ജെ.പി റോഡ്ഷോയ്ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പങ്കെടുക്കുന്ന നേതാവ് ആരെന്ന് അപേക്ഷയില്‍ പറഞ്ഞില്ലെന്ന് പറഞ്ഞ് പോലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണവും ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടും മുന്‍ നിര്‍ത്തി നിയുക്ത കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുമതി നല്കാന് കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
റോഡ് ഷോ കടന്നു പോകുന്നത് തിരക്കുള്ള വ്യാപാര മേഖലയില്‍ കൂടിയാണെന്നും ഇത് ജനജീവിതത്തെ ബാധിക്കുമെന്നുമാണ് പോലീസ് നിരത്തിയ വാദം. ഇതിനാല്‍ ഇരുപാര്‍ട്ടികളും നഗരത്തില്‍ നടത്താനിരുന്ന വിപുല പരിപാടികള്‍ റദ്ദാക്കി.അതേസമയം രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച്ച സബര്‍മതി നദിയില്‍ ജലവിമാനമിറങ്ങും എന്ന് മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ മോദി ജലവിമാനത്തിലെത്തിയത്.