ജിഷ കൊലക്കേസ്: ഏക പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമടക്കം പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണു പ്രോസിക്യൂഷന്‍ വാദിച്ചത്.എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനെന്ന് പറയാന്‍ കഴിയില്ലെന്ന് എതിര്‍ ഭാഗം വാദം കോടതി തള്ളി.

ഐ.പി.സി 449, 342, 376,301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം,വീടിനുള്ളില്‍ അതിക്രമിച്ച് കയറല്‍,അന്യായമായി തടഞ്ഞ് വെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായുള്ള പോലീസ് കണ്ടെത്തല്‍ കോടതി ശരി വച്ചു.എന്നാല്‍ പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു.ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സര്‍പ്പിച്ചത്.

2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല.

അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.

പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍.

മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.വിധി കേള്‍ക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു.