ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു: അഞ്ചു സൈനികരെ കാണാതായി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു.കനത്ത ഹിമപാതത്തില്‍പ്പെട്ട് അഞ്ചു സൈനികരെ കാണാതായി. കുപ്‌വാരയിലെ നൗഗമില്‍ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കന്‍സല്‍വാന്‍ സബ് സെക്ടറില്‍ മൂന്നുപേരെയുമാണ് കാണാതായത്. പട്രോളിങ്ങിനിടെ മഞ്ഞുമലയിടിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരെ കാണാതായത്.ഇവര്‍ക്കായുള്ള തിരച്ചില്‍ സൈന്യം തുടരുന്നുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നത് വെല്ലുവിളിയായിരിക്കുകയാണ്.
കനത്ത് മഞ്ഞു തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഞ്ഞ് കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പൂഞ്ചിനെയും രജൗരിയെയും ഷോപിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും ശ്രീനഗര്‍- ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടു.
മറ്റു ചെറുറോഡുകളിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് നിരീക്ഷണകേന്ദ്രം പറയുന്നത്. ഏതു കാലാവസ്ഥയിലും പ്രശ്‌നമില്ലാത്ത വിധം നിര്‍മിച്ച 300 കി.മീ. ശ്രീനഗര്‍-ജമ്മു ദേശീയ പാതയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗം. ജവാഹര്‍ തുരങ്കം ഉള്‍പ്പെടെ ഇതിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ആലിപ്പഴം വീഴ്ചയും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു.