ദാവൂദിന്റെ ഡി കമ്പനി അടിച്ചു പിരിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ ; ചോട്ടാ ഷക്കീല്‍ സ്വന്തമായി കമ്പനി ഉണ്ടാക്കുന്നു എന്നും വിവരങ്ങള്‍

അധോലോക നായകന്‍ ദാവൂദിന്റെ ഡി കമ്പനയി അടിച്ചു പിരിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ . ഇതിന്റെ ഫലമായി ദാവൂദിന്റെ വലം കൈ ആയിരുന്ന ചോട്ടാ ഷക്കീല്‍ ദാവൂദുമായി വേര്‍ പിരിഞ്ഞു എന്നും പറയപ്പെടുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം ഇടപെടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കമ്പനി വിട്ട് പോവാന്‍ ഷക്കീലിനെ പ്രേരിപ്പിച്ചത് എന്നും പുതിയ സാഹചര്യത്തില്‍ കറാച്ചിയില്‍ നിന്നും ഛോട്ടാ ഷക്കീല്‍ തന്റെ പ്രവര്‍ത്തന സ്ഥാനം മാറ്റിയതായതാണ് ഇന്റലിജന്‍സ് അധികൃതര്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ദാവൂദിന്റെ വലം കൈയായും കമ്പനിയുടെ പ്രധാന റോളിലും പ്രവര്‍ത്തിച്ചിരുന്നത് ഛോട്ടാ ഷക്കീല്‍ ആണ്.

എന്നാല്‍ കുറച്ച് കാലമായി അനീസ് ഛോട്ടാ ഷക്കീലിനെക്കാള്‍ പ്രധാനിയായി കമ്പനിയില്‍ കൈകടത്തുന്നുവെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് ദാവൂദുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. അതുപോലെ ദാവൂദിന്റെ സംഘത്തിലുണ്ടായ പടലപ്പിണക്കം പാക് ചാര സംഘടനയായ ഐ.എസ്.ഐക്കും തിരിച്ചടിയായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയ്‌ക്കെതിരായുള്ള നീക്കങ്ങള്‍ക്ക് തങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് ദാവൂദിന്റെ കമ്പനി ഇതുവരെ നല്‍കിവന്നിരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പടലപ്പിണക്കം എങ്ങനെയെങ്കിലും പരിഹരിക്കാന്‍ ഐ.എസ്.ഐ ശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.