വിമാനയാത്രാ വേളയിലും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യം ഒരുക്കാന്‍ ട്രായി നിര്‍ദേശം

മുംബൈ : വിമാനയാത്രാ വേളയില്‍ ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനം നടപ്പാക്കാന്‍ ട്രായി നിര്‍ദേശം. ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ അറിയിച്ചു. ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് അതിന് അനുസൃതമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും. അതോടെ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യും.

ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് ഇത് വിവിധമന്ത്രാലയങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.