ആദ്യ വിജയത്തിനായി വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങളത്ര എളുപ്പമല്ല,ടീമിലെ പടലപ്പിണക്കങ്ങള്‍ തിരിച്ചടിയാകുമോ

സൂപ്പര്‍ ലീഗ് നാലാം സീസണിലെ നിര്‍ണായകമായൊരു മല്‍സരത്തിനാണ് വെള്ളിയാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലിറങ്ങുക.ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം മല്‍സരവും നാലാം ഹോം മല്‍സരവുമാണിത്.വടക്കു കിഴക്കന്‍ ശക്തികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

നാലു മല്‍സരം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ മൂന്നു സമനിലയും ഒരു തോല്‍വിയുമുള്‍പ്പടെ എട്ടാം സ്ഥാനത്താണ്. കൊല്‍ക്കത്തയോടും, ജംഷഡ്പൂരിനോടും മുംബൈയോടും സമനിലയില്‍ പിരിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഗോവയോട് 5-2-ന് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ആദ്യമല്‍സരത്തില്‍ കണ്ട അതേ പരാധീനതകള്‍ നാലാം മല്‍സരത്തിലും ആവര്‍ത്തിച്ചു എന്നതാണ് ബ്ലാസ്റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നത്. പരാജയങ്ങളും സമനിലകളും ടീമിനെ ഒന്നും പഠിപ്പിച്ചതായി തോന്നുന്നില്ല. ടീമിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതും ഇതുതന്നെ.

ടീമിലെ വിദേശകളിക്കാരും ഇന്ത്യന്‍ കളിക്കാരും തമ്മില്‍ നിലനില്‍ക്കുന്ന നിലവാരത്തിലെ അന്തരമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പോരായ്മകളില്‍ ഒന്ന്. കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഇത് പ്രകടമായിരുന്നു. പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയുന്ന പ്രശ്‌നമല്ല ഇത്. ഇക്കാര്യത്തില്‍ ബെര്‍ബെറ്റോവ് തീര്‍ത്തും നിരാശനും പ്രകോപിതനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മല്‍സരത്തിന്റെ ഇടവേളയില്‍ അദ്ദേഹം ഡ്രസിംഗ് റൂമില്‍ വച്ച് സഹകളിക്കാരോട് പൊട്ടിത്തെറിക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബെര്‍ബെറ്റോവിന്റെ നീക്കങ്ങള്‍ മസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും സഹ കളിക്കാര്‍ക്ക് കഴിയുന്നില്ല. ഇതു സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ടീമിന്റെ പ്രകടനത്തെയാകെ ബാധിക്കുന്നു. ലീഗിലെ പ്രധാന ടീമുകളെല്ലാം നേരിടുന്ന പ്രശ്‌നമാണിതെങ്കിലും ബ്ലാസ്റ്റേഴ്‌സിനെയാണിത് പിറകോട്ടടിക്കുന്നത്. സൂപ്പര്‍ ലീഗിലെ മറ്റുടീമുകള്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ അവരവരുടേതായ രീതികളില്‍ ശ്രമിക്കുകയും ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന് അത് കഴിയുന്നുമില്ല.

മധ്യനിരയിലെ അരാട്ടാ ഇസുമി, പെര്‍ക്കൂസന്‍, ഡിഫന്‍സിലെ റിനോ ആന്റോ, മുന്നേറ്റനിരയിലെ ജാക്കിചന്ദ് സിംഗ് എന്നിവര്‍ ഇനിയും അവരുടെ ശരിയായ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.ആദ്യമൂന്നു മല്‍സരങ്ങളിലും മികച്ചുനിന്ന പ്രതിരോധം ഗോവയ്‌ക്കെതിരെയുള്ള മല്‍സരത്തില്‍ ശിഥിലമാകുന്നതും കണ്ടു. ജിങ്കാന്റേയും ലാകിക്കിന്റേയും ചില മികച്ചസേവുകള്‍ ഇല്ലാതിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം ഭീകരമാകുമായിരുന്നു. പ്രതിരോധം ശിഥിലമായപ്പോള്‍ ഗോള്‍കീപ്പറും പതറിപ്പോയി. ഗോവയുടെ വേഗവും കൃത്യതയും കളിരീതിയുമാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുകളഞ്ഞത്. അക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ പരിശീലകന് കഴിഞ്ഞതുമില്ല കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാരല്ല. പരിശീലകനാണ് പരാജയപ്പെട്ടതെന്നും വേണമെങ്കില്‍ പറയാം.

രണ്ടു മല്‍സരങ്ങളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നതിനാല്‍ സി.കെ വിനീതിന് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം കളിക്കാന്‍ കഴിയില്ല.ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തിയ ഹ്യൂം തിളങ്ങാത്തത്തിനു പുറമെ പരിക്കിന്റെ പിടിയിലായതും തിരിച്ചടിയാണ്.ബെര്‍ബെറ്റോവിനും പരിക്ക് അലട്ടുന്നുണ്ട്. ഇങ്ങനെ പ്രധാന കളിക്കാര്‍ മാറിനില്‍ക്കുമ്പോള്‍ ഒരു വിജയം എന്നത് അടുത്ത മല്‍സരത്തിലും അന്യമാകാനാണ് സാധ്യത.പരിക്കില്‍ നിന്നു മോചിതനായ പ്രതിരോധതാരം വെസ്ബ്രൗണ്‍ തിരിച്ചുവരുമെന്നത് ആശ്വാസകരമാണ്. അതോടെ ജിങ്കാന് വിംഗിലേക്ക് മാറാനാകും. അത് മധ്യനിരയ്ക്ക് കൂടുതല്‍ ചടുലത നല്‍കും. പക്ഷേ മധ്യനിര ഇനിയും ആത്മവിശ്വാസം നേടിയിട്ടില്ല എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്. പൊതുവേ ആശങ്കാജനകമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലയിപ്പോള്‍.

ബ്ലാസ്റ്റേഴ്‌സിനെപ്പോലെ നാലുമല്‍സരം പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് നാലുപോയിന്റോടെ ഏഴാം സ്ഥാനത്താണിപ്പോള്‍. ചെന്നൈയോട് മൂന്നു ഗോളിനും ബംഗളുരുവിനോട് ഒരു ഗോളിനും തോറ്റ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ രണ്ടു ഗോളിന് തോല്‍പ്പിച്ചിരുന്നു.ജംഷഡ്പൂരിനെ സമനിലയില്‍ പിടിക്കുകയും ചെയ്തു. രണ്ടു മല്‍സരം തോറ്റെങ്കിലും സ്ഥിരതയുള്ള പ്രപ്രകടനമാണ് അവരുടേത്. മികച്ച മിഡ്ഫീല്‍ഡും പ്രതിരോധവും അവര്‍ക്കുണ്ട്. അവസരം കിട്ടിയാല്‍ പാഴാക്കാത്ത മുന്നേറ്റനിരയുമുണ്ട്. ഗോള്‍വലയ്ക്കുമുന്നില്‍ മലയാളിതാരം രഹ്നേഷാണ്. സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍കീപ്പറാണ് റഹ്നേഷ് എന്ന് ഇതിനകം തെളിയിച്ചിട്ടുമുണ്ട്.