കസബ വിവാദം പാര്‍വ്വതിക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത് ; ഫെമിനിസത്തിന്റെ പേരില്‍ സ്ത്രീക്ക് എന്തുമാകാം
കസബ സിനിമയെ കുറിച്ച് നടി പാര്‍വതി പറഞ്ഞ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്. ചിത്രത്തിന്റെ നിര്‍മാതാവായ വ്യാസന് കെപിയാണ് രംഗത്ത് വന്നത്. തന്റെ ഫെസ്ബുക്കിലൂടെയാണ് വ്യാസന് വിഷയത്തില്‍ മറുപടി പറഞ്ഞത്. സെക്സി ദുര്‍ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. ഇതാണ് സ്ത്രീപക്ഷം എന്നുപറഞ്ഞ് നടക്കുന്ന ഫാസിസം. സ്ത്രീക്ക് എന്തുമാകാം എന്നാണോ എന്നും വ്യാസന് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് ഏത് തരം ചിത്രമെടുക്കണമെന്ന് തീരുമാനിക്കുന്നത് , അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല എന്ന് വ്യാസന് കെപി. നടി ഫെമിനിസ്റ്റാണെങ്കിലും നടിയോ അവരുടെ സംഘടനയോ പറയുന്നതുപോലെ സിനിമയെടുക്കല്‍ നടക്കില്ലെന്നും വ്യാസന് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാര്‍വതി കസബയെ വിമര്‍ശിച്ചിരുന്നത്. ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാര്‍വതി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
പാര്‍വ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത് പോലെ,അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു, കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്,അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല, സെക്സി ദുര്‍ഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്, ഇതാണു ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ?കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.