കുവൈറ്റിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു; മലയാളികള്‍ ആശങ്കയില്‍

കുവൈറ്റ്:സൗദിക്ക് പിന്നാലെ കുവൈറ്റും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു.രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ സിവില്‍സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനും അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണമായി സ്വദേശിവത്കരണം നടപ്പാക്കുന്നതിനുമാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശികളെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കുന്ന നടപടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായിട്ടാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ നിരന്തരമായി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ സര്‍ക്കാരില്‍ നടത്തി വരുന്ന സമ്മര്‍ദ്ദത്തിനെത്തുടര്‍ന്ന് ഉടന്‍തന്നെ വീണ്ടും വിദേശികളെ ഒഴിവാക്കുന്ന നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരുങ്ങുകയാണ്.ചില പ്രത്യേക മേഖലകളില്‍ ഡേറ്റാ പ്രോസസേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, എജ്യുക്കേഷണല്‍ സര്‍വ്വീസ്, സെക്രട്ടറിമാര്‍, ടൈപ്പിസ്റ്റ്, ക്ലര്‍ക്ക്, ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ തസ്തികകള്‍ കുവൈറ്റ് സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്നും സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതോടെ കുവൈറ്റില്‍ വിവിധ മേഖലകളില്‍ ജോലി നോക്കുന്ന മലയാളികളുള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ഭാവി ആശങ്കയിലാണ്.