അഭിമുഖ വിവാദം ; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. 18ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഹാജരാകേണ്ടത്. ഗുജറാത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നോട്ടീസ്. ചട്ടം ലംഘിച്ച് രാഹുല്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയെന്നാണ് പരാതി. അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും കേസെടുക്കും. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ രാഹുല്‍ഗാന്ധി ഗുജറാത്തി ചാനലിന് നല്‍കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്.
തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരിക്കലും വെറുക്കാന്‍ കഴിയില്ലെന്നും രാഹുല്‍ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ അഭിമുഖം പുറത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വം മാധ്യമപ്രവര്‍ത്തകര ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഇത് സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ച ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ബി.ബി സ്വെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖത്തിന്റെ സി.ഡി നല്‍കാന്‍ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടുണ്ടോയെന്ന കാര്യം ഉറപ്പാക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബി.ബി സ്വെയിന്‍ പറഞ്ഞു.