ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും
ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന് തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.ഇവയിന്മേല് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വെള്ളിയാഴച രാവിലെ പത്തരയോടെയാണു വിധി പ്രസ്താവിക്കുക.
അതിനിടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതില്‍ ജനുവരി 10നു വാദം തുടങ്ങും.
ആധാര്‍ നമ്പരും പാന്‍ നമ്പരും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും.
നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ ഈ മാസം 31ന് അകം ആധാര്‍, പാന്‍ നമ്പരുകള്‍ നല്‍കണമെന്ന വ്യവസ്ഥയാണു പരിഷ്കരിച്ചത്. പുതിയ അക്കൗണ്ട് തുടങ്ങി ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ നല്‍കണം. ബാങ്കുകള്‍ക്കു പുറമേ, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി ഫണ്ട്, ഓഹരിക്കച്ചവടം, സഹകരണ ബാങ്ക് തുടങ്ങിയവയുമായുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.