100 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചോടി ധോണിയും പാണ്ഡ്യയും; വിട്ടുകൊടുക്കാതെ ധോണി, ശരിക്കും വെള്ളം കുടിച്ച് പാണ്ഡ്യ- വീഡിയോ വൈറല്‍
മൊഹാലി:ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയെങ്കിലും അതിനേക്കാള്‍ ഗംഭീര വിജയവുമായി രണ്ടാം മത്സരത്തില്‍ വന്‍ തിരിച്ചു വരവ് നടത്തിയ ഇന്ത്യന്‍ ടീം തന്നെയാണ് ഇപ്പോഴത്തെ ട്രെന്‍ഡിങ് സബ്‌ജെക്ട്. നായകന്‍ രോഹിത് ശര്‍മയുടെ മൂന്നാം ഇരട്ടസെഞ്ചുറി നേട്ടത്തിലൂടെ ശ്രദ്ധേയമായ മൊഹാലി ഏകദിനത്തിനിടെ നടന്ന രസകരമായ മറ്റൊരു സംഭവം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
മല്‍സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യന്‍ ടീമിലെ ‘കാരണവര്‍’ മഹേന്ദ്രസിങ് ധോണിയും യുവതാരം ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ നടത്തിയ ഓട്ടമല്‍സരമാണ് ആരാധകരില്‍ കൗതുകം ജനിപ്പിച്ചത്. താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സാക്ഷിയാക്കിയായിരുന്നു ഇത്.
മുപ്പത്തിയാറുകാരനായ ധോണിയും ഇരുപത്തിനാലുകാരനായ പാണ്ഡ്യയും തമ്മില്‍ ടീമിലെ വേഗമേറിയയാളെ കണ്ടെത്താന്‍ നടത്തിയ മല്‍സരം എന്തായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ അഗ്രഗണ്യനായ ധോണി ഇവിടെയും പക്ഷെ വിട്ടുകൊടുത്തില്ല. പ്രായത്തിലല്ല, പ്രകടനത്തിലാണ് കാര്യമെന്ന് തെളിയിച്ച മുന്‍ ക്യാപ്റ്റന്‍ പാണ്ഡ്യയെ പുഷ്പ്പം പോലെ തോല്‍പ്പിച്ചാണ് മല്‍സരം അവസാനിപ്പിച്ചത്.
മികച്ച തുടക്കം കിട്ടി പാണ്ഡ്യ അതു മുതലെടുത്ത ലീഡ് നേടിയെങ്കിലും അല്‍പദൂരം പിന്നിട്ടപ്പോഴേക്കും രണ്ടു മൂന്നു ചുവടുകള്‍ക്കൊണ്ട ധോണി പാണ്ഡ്യയ്‌ക്കൊപ്പമെത്തി.നൂറു മീറ്ററിലെ അതിവേഗക്കാരന്‍ ബോള്‍ട്ടിന്റെ ശൈലിയില്‍ ധോണിയുടെ മുന്നേറ്റം നോക്കിക്കൊണ്ട് ഓടിയ പാണ്ഡ്യയ്ക്ക് പക്ഷേ ധോണിയുടെ മുന്നേറ്റം തടയാനായില്ല. ധോണി ഒന്നാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു.