ഇനിമുതല്‍ ‘112’-ല്‍ വിളിച്ചാല്‍ പോലീസും ഫയര്‍ഫോഴും പാഞ്ഞെത്തും; അടിയന്ത സേവനങ്ങള്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍ ഇനി മുതല്‍’112′

തിരുവനന്തപുരം:അടിയന്തിര സഹായങ്ങള്‍ക്കായി ‘112’ എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.അടിയന്തിര സേവനങ്ങള്‍ക്കെല്ലാം രാജ്യ വ്യാപകമായി ഒരൊറ്റ നമ്പര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേരളവും നടപടി സ്വീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി സി-ഡാക്കിനെ ചുമതലപ്പെടുത്തി. പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ അവശ്യ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ‘112’ എന്ന നമ്പറില്‍ ലഭിക്കുക.

കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനായി സ്റ്റേറ്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ സ്ഥാപിക്കും. ഇതിനായുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരേയും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് മേധാവികളേയും ഉള്‍പ്പെടുത്തി പ്രത്യേക സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളില്‍ 112 എന്ന നമ്പറിലേക്ക് വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യാം. ഈ നമ്പറില്‍ ബന്ധപ്പെടുന്നയാളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ആവശ്യമായ സേവനം ലഭ്യമാക്കുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വിവരം കൈമാറുകയാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം പ്രാദേശിക ഭാഷകളിലും 112 നമ്പറില്‍ സഹായം ലഭിക്കും.

അമേരിക്കയിലെ ‘911’ എന്ന ഓള്‍ ഇന്‍ വണ്‍ എമര്‍ജന്‍സി സര്‍വ്വീസ് മാതൃകയില്‍ രാജ്യത്തും ഒരൊറ്റ എമര്‍ജന്‍സി ടോള്‍ഫ്രീ നമ്പര്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശത്തിന് കഴിഞ്ഞ വര്‍ഷമാണ് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കിയത്. താമസിയാതെ രാജ്യവ്യാപകമായി നിലവിലുള്ള എല്ലാ അവശ്യ സേവനങ്ങള്‍ക്കായുള്ള ടോള്‍ ഫ്രീ നമ്പറുകളും ഇനി 112 എന്ന നമ്പറിന് കീഴിലേക്ക് മാറും.