ജിഷ വധക്കേസ്: ഏക പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ
കൊച്ചി:കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. ജിഷയെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എസ്എം സ്വദേശിയായ ഏക പ്രതി അമീറിന് കൊലക്കയര്‍ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം ജിഷയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്‌നാട്‌കേരളാ അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.
കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു ദ്വിഭാഷിയുടെ സഹായത്തോടെ കോടതി രേഖപ്പെടുത്തിയിരുന്നു. അതിക്രൂരവും അത്യപൂര്‍വവുമായ കുറ്റം ചെയ്ത പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കെതിരെ ദൃക്‌സാക്ഷികളില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ആവര്‍ത്തിച്ചു വാദിച്ച പ്രതിഭാഗം ശിക്ഷ അനുഭാവ പൂര്‍വമാവണമെന്ന് അഭ്യര്‍ഥിച്ചു.
കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കുമെന്ന അനുമാനത്തില്‍ ജിഷയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും കോടതി മുറിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുല്‍ പറഞ്ഞിരുന്നു. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുല്‍ നിലപാടെടുത്തു.
വിധി പ്രസ്താവം കേട്ട ശേഷം പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ട് പോകും.
പ്രതിക്കെതിരായ കുറ്റങ്ങള്‍
ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 302 – കൊലക്കുറ്റം : വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
ഐപിസി 376- മാനഭംഗം : 2013 ഫെബ്രുവരിയില്‍ നിര്‍ഭയ നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രതിയുടെ തുടര്‍ന്നുള്ള ജീവിതം ജയിലില്‍ കഴിയേണ്ടി വരും.
ഐപിസി 376 (എ)- മാനഭംഗത്തിനിടയില്‍ മരണം സംഭവിച്ചാല്‍: വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
ഐപിസി 342 – അന്യായമായി തടഞ്ഞുവെക്കല്‍ : ഒരു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും
ഐപിസി 449 – ഭവനഭേദനം : ജീവപര്യന്തം തടവും പിഴയും.