ആഗ്രഹിച്ചിരുന്ന വിധി ഇതായിരുന്നെന്ന് ജിഷയുടെ അമ്മ; ഇനി ഒരുമക്കള്‍ക്കും ഈഗതി വരുത്തരുത്
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ചതില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും സന്തോഷം രേഖപ്പെടുത്തി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി.സന്ധ്യയും വ്യക്തമാക്കി. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കേസില്‍, ജനാഭിലാഷത്തിനൊത്ത ശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
ഈ ലോകത്ത് ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്‍ പാടില്ലെന്ന് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോടും വധശിക്ഷ പ്രഖ്യാപിച്ച ജഡ്ജിയോടും മകള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്ന് ഇടറിയ വാക്കുകളില്‍ രാജേശ്വരി വ്യക്തമാക്കി.
അന്വഷണ സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും. അന്വേഷണ ഘട്ടത്തില്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിധിയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.