താജ് മഹലിനെതിരെ വീണ്ടും അതിക്രമം; താജ്മഹലിന് മുന്നില്‍ യുവാക്കള്‍ ശിവപൂജ നടത്തുന്ന വീഡിയോ പുറത്ത്
ആഗ്ര:ചരിത്ര സ്മാരകമായ താജ് മഹലിനു മുന്നില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. താജ് മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നയിടമാണെന്ന വാദവുമായി സംഘ പരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. രണ്ട് യുവാക്കള്‍ താജ്മഹലിന് മുന്നില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
കുറച്ച് യുവാക്കള്‍ താജ് മഹലിന് സമീപം ചില പൂജാ സാമഗ്രികള്‍ വെച്ചതായി സന്ദര്‍ശകര്‍ സുരക്ഷാ ജീവനക്കാരെ അറിയിച്ചിരുന്നു. നേരത്തെ താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും അവകാശപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.യു.പി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹല്‍ ഒഴിവാക്കിയതും വന്‍വിവാദമായിരുന്നു.
അതിനുപിന്നാലെയാണ് താജ്മഹല്‍ നിന്നിടത്ത് ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി ബി.ജെ.പി അനുകൂലികള്‍ എത്തിയത്. പിന്നീട് രണ്ടു മാസം മുന്‍പ് താജ്മഹലിന് പുറത്ത് ചിലര്‍ ശിവ സോസ്ത്രങ്ങളുമായി വന്നതും പ്രശ്‌നത്തിനിടയാക്കിയിരുന്നു.