ആധാര്‍ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാര്‍ച്ച് 31വരെ സമയ പരിധി നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി:വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ ഇല്ല. കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി നല്‍കി. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.

ആധാര്‍ നമ്പറും പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണമെന്നുമാണു സര്‍ക്കാര്‍ അറിയിച്ചത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിരിക്കുന്നത്.