വിരാട് കോഹ്ലിയുടെ ശമ്പളം 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയരും; ബാക്കി താരങ്ങള്‍ക്കു ലഭിക്കുക ഇത്രയും തുക

ന്യൂഡല്‍ഹി:2018-ഓടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് റിപോര്‍ട്ട്. സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്.ഇതൊട്ട് ശമ്പള വര്‍ദ്ധനവ് ഇനത്തില്‍ ബി.സി.സി.ഐ 200 കോടി രൂപ ചിലവഴിക്കേണ്ടതായി വരുമെന്നാണ് സൂചന.

ബി.സി.സി.ഐയുടെ ജനറല്‍ ബോഡി യോഗം കമ്മിറ്റി ശുപാര്‍ശ സ്വീകരിച്ചാല്‍ ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ആകെ ശമ്പളം180 കോടിയില്‍ നിന്നും 380 കോടി രൂപയാകും. ജൂനിയര്‍ സീനിയര്‍ താരങ്ങളും ശമ്പള വര്‍ദ്ധനവിന്റെ പരിധിയില്‍ വരും.

ബി.സി.സി.ഐയുടെ വാര്‍ഷീക വരുമാനത്തിന്റെ 26 ശതമാനമാണ് താരങ്ങള്‍ക്കുള്ള ശമ്പളമായി വീതിച്ച് നല്‍കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനവും വനിത, ജൂനിയര്‍ താരങ്ങള്‍ക്ക് 2.4 ശതമാനവുമാണിത്.

കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കിയാല്‍ നിലവില്‍ 5.51 കോടി രൂപ ശമ്പളമായി ലഭിക്കുന്ന വിരാട് കോഹ്ലിക്ക് 10 കോടി രൂപയായിരിക്കും ലഭിക്കുക.