ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നു പഠിച്ചാല്‍ മാര്‍ക്ക് നല്‍കില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം:ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേചില അധ്യാപകര്‍.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്‌ളാസിലിരുന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും ഒരു വിഭാഗം അധ്യാപകര്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകരുടേതാണ് ഈ നിലപാട്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചെന്നും പരാതി ഉയരുന്നുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകുമെന്നും, നോട്ടെഴുതാന്‍ പറ്റില്ല എന്നിങ്ങനെയാണ് അധ്യാപകരുടെ പരാതി. ആണ്‍ പെണ്‍ ബന്ധങ്ങളെക്കുറിച്ച് കോളജ് യൂണിയന്‍ സംഘടിപ്പിച്ച ഒരു സെമിനാറിന് ശേഷമാണ് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തീരുമാനിച്ചത്. ഇതിനെയാണ് ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകര്‍ ചോദ്യം ചെയ്തത്. ഇങ്ങനെ ഒരുമിച്ചിരുന്നവ കുട്ടികളുടെ രക്ഷിതാക്കളെ പിന്നീട് വിളിച്ചുവരുത്തി. മാത്രവുമല്ല ഇതേക്കുറിച്ച് ഒരു പി.ജി വിദ്യാര്‍ഥിനി ഇട്ട ഫെയ്‌സ് ബുക്ക് ലൈക്ക് ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്തി അവരെ അപമാനിച്ച് സംസാരിച്ചതായും പരാതി ഉണ്ട്

കോളജിലെ ഒരു വിഭാഗം അധ്യാപകരുടെ നിലപാടിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ഇങ്ങനെ ഇരിക്കണോ എന്നു മാത്രമാണ് ചോദിച്ചതെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ പറയുന്നത്.