മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി:മുസ്ലിം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. കരടു ബില്ലില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്. ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

ആഗസ്റ്റില്‍, സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. അതേസമയം ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുത്താലഖിന് ഏര്‍പ്പെടുത്തുന്ന നിരോധനത്തെ എതിര്‍ത്തു. ഇത് മതപരമായ പ്രശ്‌നമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു ബോര്‍ഡ് നിലപാടെടുത്തത്.

അതേസമയം, വെള്ളിയാഴ്ച തുടങ്ങിയ പാര്‍ലെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. തുടര്‍ന്ന് രാജ്യസഭയിലെ സഭാനടപടികള്‍ മൂന്ന് മണിവരെ നിറുത്തിവച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചതോടെ സഭ 20 മിനിറ്റു നേരത്തേക്കു പിരിഞ്ഞിരുന്നു. വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. പിന്നീട് 2.30ന് വീണ്ടും ചേര്‍ന്നപ്പോഴാണ് സഭ ബഹളത്തില്‍ മുങ്ങിയത്.