തല്‍ക്കാലം സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യണ്ട എന്ന് ഹൈക്കോടതി
നികുതി വെട്ടിക്കാന്‍ വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ തല്‍ക്കാലത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് കോടതി അറസ്റ്റു തടഞ്ഞത്. അന്വേഷണത്തോട് സഹകരിക്കാനും സുരേഷ് ഗോപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 21 ന് അന്വേഷണ ഉദ്യാഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു . മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്. അതുപോലെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.
ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു. എന്നാല്‍ അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കിയാണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.