തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജഡ്ജി പിന്മാറി
ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജഡ്ജി എ.എം. ഖന്‍വില്‍കര്‍ പിന്‍മാറി.കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീലാണ് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വന്നത്.
ജസ്റ്റിസ് ഖന്‍വില്‍കര്‍ പിന്‍മാറിയതോടെ കേസ് ജനുവരിയിലേക്ക് മാറ്റി.ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, എ.എം. സപ്രെ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് നേരത്തെ കേസ് ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തന്‍ഖയ്ക്ക് ജസ്റ്റിസ് സപ്രെയ്ക്ക് മുമ്പാകെ ഹാജരാവാന്‍ സാധിക്കില്ലെന്നും അതിനാല്‍ കേസ് മാറ്റിവെക്കണമെന്നും നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെയെത്തി.
എന്നാല്‍, തോമസ് ചാണ്ടിയുടെ അഭിഭാഷകര്‍ നല്‍കിയ കത്ത് കോടതിയലക്ഷ്യമാണെന്നും അതിനാല്‍ ഇക്കാര്യം ആദ്യം പരിശോധിക്കണമെന്നും സി.പി.ഐ. അംഗം ടി.എന്‍. മുകുന്ദന് വേണ്ടി അഡ്വ. വി.കെ. ബിജു ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്നും കാരണം വ്യക്തമാക്കാതെ ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ പിന്‍മാറിയത്.
തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്‍ നേരത്തെ തടസ്സ ഹര്‍ജി നല്‍കിയിരുന്നു. ചാണ്ടിയുടെ കായല്‍ കൈയ്യേറ്റത്തിനെതിരെ മുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിക്ക് മുമ്പാകെയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെ സുപ്രീംകോടതി വിധി പറഞ്ഞാല്‍ അത് ഹൈക്കോടതിയിലെ കേസിനെ ബാധിക്കുമെന്നാണ് മുകുന്ദന്റെ വാദം.