മഹാരാഷ്ട്രയില്‍ കുഷ്ഠരോഗം പടരുന്നു:ഇതുവരെ 5004 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ബോംബെ: മഹാരാഷ്ട്രയില്‍ കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 5004 കുഷ്ഠരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതില്‍തന്നെ 41% പേര്‍ തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരാണ്.

ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തില്‍ നിന്ന് പൂര്‍ണമായും മാറ്റിയെന്ന് അവകാശപ്പെടുന്ന മഹാവ്യാധി ബാധിച്ച ഇത്രയധികം പേര്‍ സംസ്ഥാനത്തുണ്ടെന്നത് ആശങ്കാജനകമാണ്.കുഷ്ഠരോഗികളിലെ മള്‍ട്ടി ബാസിലറി കേസുകള്‍ മഹാരാഷ്ട്രയില്‍ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മള്‍ട്ടി ബാസിലറി ബാധിച്ച രോഗബാധിതരില്‍ ബാക്ടീരിയകളുടെ എണ്ണം കൂടുതലായിരിക്കും. മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയും ഇത്തരക്കരില്‍ വളരെ കൂടുതലായിരിക്കും.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഷ്ഠരോഗികളില്‍ 41%വും മള്‍ട്ടി ബാസിലറി രോഗ ബാധിരാണെന്നതും ആശങ്ക കൂട്ടുന്നു.ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് പാല്‍ഘട്ടിലാണ്. 514 പേര്‍. 345 രോഗികളുമായി ഗട്ചിരോളിയാണ് തൊട്ട് പുറകിലുള്ളത്.തീവ്രമായ രീതിയില്‍ രോഗം ബാധിച്ചവരില്‍ 11 % പേര്‍ കുട്ടികളാണ്. രോഗപ്രതിരോധ ശേഷി കുട്ടികള്‍ക്ക് കുറവായതിനാലാണ് ഇവരിലേക്ക് എളുപ്പം കുഷ്ട രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ബോംബെ ലെപ്രസി പ്രൊജക്റ്റ് സ്ഥാപകനായ ഡോ വിവേക് പായ് പറയുന്നു.

2017 സെപ്റ്റംബര്‍ 5നും 20നുമിടയ്ക്കും സര്‍ക്കാര്‍ നടത്തിയ സര്‍വ്വെയിലാണ് കുഷ്ഠരോഗികളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭിച്ചത്. 22 ജില്ലകളിലായി 4 കോടി ജനങ്ങള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 2016ല്‍ നടത്തിയ സര്‍വ്വെയില്‍ 4134 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.