നികുതി തട്ടിപ്പ്:സുരേഷ് ഗോപി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി:പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ റജിസ്ട്രേഷന് നടത്താന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ സുരേഷ് ഗോപി എം.പി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.
ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വന്‍തുക നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേഷ് ഗോപിക്കെതിരായ ആരോപണം. നികുതി വെട്ടിച്ച് വാഹനം റജിസ്റ്റര്‍ ചെയ്തതിന് നടനെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തത്. ആരോപണം ഉയര്‍ന്നതോടെ വാഹന റജിസ്ട്രേഷന് സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്.
നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍നിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ആ.ര്‍.ടി.ഒയാണു സുരേഷ് ഗോപി എം.പിക്കു നോട്ടിസ് അയച്ചത്.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘പി.വൈ 05 എ 99’ എന്ന പോണ്ടിച്ചേരി റജിസ്ട്രേഷന് ഉള്ള കാര്‍ കേരളത്തില്‍ ഓടുന്നതായും ഇതു മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടിസില്‍ പറയുന്നു. ശാസ്തമംഗലത്തെ വിലാസത്തില്‍ താമസക്കാരനായതിനാല്‍ ഈ വാഹനം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതി അടയ്ക്കേണ്ടതായിരുന്നു.