ഇന്ത്യയിലെ ജയിലുകളില്‍ വൃത്തിയില്ല ; എലിയും പാറ്റയും പാമ്പും ഉള്ള ജയിലില്‍ താന്‍ പോകില്ല എന്ന് വിജയ്‌ മല്യ

ഇന്ത്യയിലെ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും ഒക്കെ ഉണ്ടെന്നും അതുകൊണ്ട് അവിടെ പോയി കിടക്കാന്‍ തനിക്ക് കഴിയില്ല എന്നും വിവാദ വ്യവസായി വിജയ്‌ മല്യ. വൃത്തിഹീനമായ ഇവിടെയുള്ള ജയിലുകള്‍ ആള്‍ത്തിരക്കേറിയതുമാണ് എന്ന് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ.അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്. ഇവിടേക്ക് അയച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്നും മല്യ ബോധിപ്പിച്ചു. മല്യ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളാണ്.

മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരെങ്കിലുമുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേ അവസരത്തില്‍ ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവന്‍ സമയ ഡോക്ടര്‍മാരും, 60 നേഴ്‌സുമാരുമുണ്ടെന്നും മല്യ പറയുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ. കേസില്‍ മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ജയിലുകളുടെ ശോച്യാവസ്ഥ വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്.