ലോകത്ത് ഒരു മലയാളി സംഘടനയും ഒരു കൊല്ലം കൊണ്ട് ഇത്രയധികം വളര്‍ന്നിട്ടില്ല: ജോര്‍ജ് കള്ളിവയലില്‍
വിയന്ന: ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന് സാധിച്ചുവെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍. ഇത് ആദ്യമാണ് ഒരു പ്രവാസി മലയാളി സംഘടന ഒരു വര്‍ഷം കൊണ്ട് ഇത്രയധികം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ യുണിറ്റ് സംഘടിപ്പിച്ച സൗഹൃദസദസില്‍ മുഖ്യ അതിഥിയായി എത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഓസ്ട്രിയ യുണിറ്റ് പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലായില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഇതിനോടകം 80 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഡബ്ലിയു.എം.എഫിന്റെ അംഗത്വം സ്വീകരിക്കുകയും, പ്രവാസിമലയാളികളെ സാധിക്കുന്ന രീതിയില്‍ സഹായിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു.
വിവിധ പുരസ്‌കാരങ്ങളും, അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചട്ടുള്ള ജോര്‍ജ് കള്ളിവയലിനെ മാധ്യമരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ചടങ്ങില്‍ ആദരിച്ചു. സംഘടനയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചു.
വിന്‍സെന്റ് പയ്യപ്പിള്ളി തോമസ് കാരയ്ക്കാട്ട്, ബ്രിട്ടോ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിയ്ക്ക് കൂടുതല്‍ ഹരം പകര്‍ന്നു. സംഘടനയുടെ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും, യൂറോപ്പ് റീജണില്‍ നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സെക്രട്ടറി റജി മേലഴകത്ത് നന്ദി പറഞ്ഞു.