കുറ്റപത്രം ചോര്‍ത്തിയത് പോലീസ് നടത്തിയ ഗൂഢാലോചനയെന്ന് ദിലീപ്; ഹരിശ്ചന്ദ്രന് ചമയേണ്ടെന്ന് തിരിച്ചടിച്ച് പ്രോസിക്യുഷന്; വിധി 23ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്ന കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ദിലീപും പ്രോസിക്യൂഷനും. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി 23ന് പറയും.
കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തു നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ദിലീപ് വാദിച്ചപ്പോള്‍, ഫോണ്‍ രേഖകള്‍ അടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് ആണെന്ന് പ്രോസിക്യുഷന് തിരിച്ചടിച്ചു. അന്വേഷണ സംഘം കുറ്റപത്രം ചോര്‍ത്തി നല്‍കിയിട്ടില്ല. ഫോണ്‍ രേഖകള്‍ അടക്കം ദിലീപ് ആണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയത്. ദിലീപ് അത്ര ഹരിശ്ചന്ദ്രനല്ലെന്നും പ്രോസിക്യൂഷന് തിരിച്ചടിച്ചു.
തന്നെ അപകീര്‍ത്തിപ്പെടുത്താനും പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുവെന്ന് ദിലീപ് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായകമായ ഫോണ്‍രേഖകള്‍ അടക്കം കോടതിയില്‍ അപേക്ഷ നല്കി കൈപ്പറ്റി. അത് പീന്നീട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയ ദിലീപ് ഹരിശ്ചന്ദ്രന് ചമയേണ്ടതില്ലെന്നാണ് പ്രോസിക്യുഷന് പറഞ്ഞത്.ഇതിനു മറുപടി പറഞ്ഞ ദിലീപിന്റെ അഭിഭാഷകന്, പോലീസ് ക്ലബിന്റെ സമീപത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കട പോലുമില്ല. പോലീസ് ക്ലബില്‍ നടന്ന ഗൂഢാലോചനയാണ് കുറ്റപത്രം ചോര്‍ത്തിയതെന്ന് വ്യക്തമാക്കി. ഇതോടൊപ്പം ഒരു പെന്‍ ഡ്രൈവും അദ്ദേഹം ഹാജരാക്കി.
കുറ്റപത്രം സമര്‍പ്പിച്ച ദിവസം മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇതിന്റെ ഉള്ളടക്കം എന്ന് സൂചനയുണ്ട്. കുറ്റപത്രത്തിന്റെ ഭാഗങ്ങള്‍ പോലീസ് തന്നെയാണ് ചോര്‍ത്തിനല്‍കിയതെന്ന് സമര്‍ത്ഥിക്കുന്നതിനുള്ള തെളിവാണ് ഇതില്‍.നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് ചോര്‍ന്നത്.
കോടതി പരിശോധിച്ച് അംഗീകരിക്കും മുന്‍പായിരുന്നു ഇത്. പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപ് ഇന്നലെ അഭിഭാഷകനൊപ്പം കോടതിയില്‍ എത്തി പരിശോധിച്ചിരുന്നു. അടുത്ത ദിവസം കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ കൈപ്പറ്റാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി ദിലീപ് അടക്കമുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.