ക്രിസ്മസ് കേക്ക് വാങ്ങാന്‍ പോലും സമ്മതിക്കാത്ത ജിഎസ്ടി കൊള്ള ; ക്രിസ്മസ് കേക്കു വാങ്ങാന്‍ പോകും മുന്‍പ് ഇതുകൂടി അറിഞ്ഞിരിക്കണം
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കേക്കുകള്‍.വിവിധ രുചിയിലും പുത്തന്‍ ഭാവത്തിലും കേക്കുകള്‍ വിപണിയിലെത്തുമ്പോള്‍ ഒന്ന് രുചിച്ച് നോക്കാന്‍ ആരാണ് ഇഷ്ട്ടപ്പെടാത്തത്.എന്നാല്‍, ഇത്തവണ കേക്ക് വാങ്ങുവന്നരുടെ കീശ കീറുമെന്ന സ്ഥിതിയിലാണ്.
ജിഎസ്ടി വന്നതോടെ കേക്കിന് നല്‍കേണ്ടത് 18 ശതമാനം അധിക വിലയാണ്. അതായത്, ഒരുകിലോ കേക്ക് വാങ്ങിയാല്‍ 100-150 രൂപനികുതിയായി നല്‍കേണ്ട സ്ഥിതി.ജി.എസ്.ടി.ക്കുമുന്പ് വെറും അഞ്ചുശതമാനമായിരുന്നു കേക്കിന്റെ നികുതി. ജി.എസ്.ടി. നടപ്പാക്കിയതുമുതല്‍ ഇത് 18 ശതമാനമായി. വര്‍ഷം ഒന്നരക്കോടിക്കുമുകളില്‍ വിറ്റുവരവുള്ള ബേക്കറികള്‍ക്കെല്ലാം പുതിയനികുതിനിരക്ക് ബാധകമാണ്.
ഇതോടെ, ജനങ്ങള്‍ ചെറിയ ബേക്കറികള്‍ തിരക്കി നടക്കുകയാണ്. ജിഎസ്ടി ഇല്ലാത്ത കേക്കിനാണ് ഇപ്പോള്‍ ഡിമാന്റെന്ന് കടക്കാര് പറയുന്നു. ഒരുകിലോ കേക്കിന് നിലവാരമനുസരിച്ച് ഇപ്പോള്‍ 300 രൂപമുതല്‍ 900 രൂപ വിലയുണ്ട്. 500 രൂപ വിലയുള്ള കേക്കിന് 90 രൂപ നികുതി നല്‍കണം. ഹോട്ടല്‍ ഭക്ഷണത്തിന് അടുത്തിടെ ജി.എസ്.ടി. കുറച്ചെങ്കിലും ബേക്കറി ഉത്പന്നങ്ങളില്‍ പലതിനും ഇപ്പോഴും ഉയര്‍ന്ന നികുതിയാണ്.