ജയലളിതയുടെ മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍
ചെന്നൈ:കഴിഞ്ഞ വര്‍ഷം അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുപമായി അവരെ ചികിത്സിച്ച അപ്പോളോ ആശുപത്രി അധികൃതര്‍.അസുഖ ബാധിതയായ ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു.
ശ്വാസംപോലും എടുക്കാത്ത നിലയില്‍ അര്‍ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ഡല്‍ഹിയില്‍ ഒരു സ്വകാര്യ തമിഴ് ചാനലിനോടാട് പ്രീതി റെഡ്ഡി പറഞ്ഞു.ഡല്‍ഹിയില്‍നിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടര്‍മാരാണ് ജയയെ ശുശ്രൂഷിച്ചത്. പക്ഷെ അന്തിമഫലം ജനങ്ങള്‍ ആഗ്രഹിച്ചതുപോലെയായില്ല. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികില്‍സ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയെല്ലാം വിധിയാണ്. അതിലാര്‍ക്കും ഒന്നും ചെയ്യാനാകില്ല. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ.രേഖകള്‍ പരിശോധിച്ചാല്‍ നിഗൂഢത വെളിച്ചത്തു വരുമെന്നും അവര്‍ പറഞ്ഞു.
അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ വിരലടയാളം എടുക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കമ്മിഷന്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
അണ്ണാ ഡിഎംകെ നേതാവും,തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിത 75 ദിവസമാണ് അപ്പോളോയില്‍ ചികില്‍സയില്‍ കഴിഞ്ഞത്. 2016 ഡിസംബര്‍ അഞ്ചിന് ജയയുടെ മൃതദേഹമാണ് പുറംലോകം കണ്ടത്. ഒരു വര്‍ഷത്തിനു ശേഷവും ജയയുടെ അസുഖവും ചികില്‍സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.